കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Jun 3, 2011

അണഞ്ഞുപോയ പൊന്‍വിളക്കിന്..

(2008 ജൂണ്‍ മൂന്നിന്  ഈ ലോകത്തോട് വിട പറഞ്ഞ പാണക്കാട് സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ ദീപ്ത സ്മരണകള്‍ക്ക് മുമ്പില്‍ വിനയപൂര്‍വ്വം..)





















പാതിരാത്രിക്ക് പാല്‍നിലാവായത്,
പഥികന് പാഥേയമായത്,
പായക്കപ്പലിന് പറവകളായത്
അങ്ങ് ഞങ്ങള്‍ക്കുമായി...

തിരയടങ്ങാത്ത വികാരക്കടലില്‍ 
അങ്ങ് വിവേകത്തിന്‍റെ തോണിയിറക്കി,
സഹനത്തിന്‍റെ നങ്കൂരം കെട്ടിയത്..
കാറ്റ് നിലക്കാത്ത കാര്‍വര്‍ണ്ണമാനത്ത്
അങ്ങ് കാരുണ്യത്തിന്‍റെ പട്ടം പറത്തി,
സ്നേഹത്തിന്‍റെ നൂലില്‍ കോര്‍ത്തത്..
ഇരുള്‍ തിങ്ങിയ ജീവിതവീഥിയില്‍
അങ്ങ് ജ്വലിക്കുന്ന ചൂട്ട് കെട്ടിത്തന്നു,
വിജയത്തിന്‍റെ വെളിച്ചം കൊളുത്തിയത്..

കദനത്തിന്‍റെ കക്കകളടിഞ്ഞ
ഹൃദയ തീരങ്ങള്‍ക്ക്
അങ്ങ് തിരമാലയായി..
കാലുഷ്യത്തിന്‍റെ വെയിലില്‍ വാടിയ
മാനസപ്പൂക്കള്‍ക്ക് 
അങ്ങ് കുളിര്‍തെന്നലായി..
കനല്‍വര്‍ഷങ്ങളില്‍ വരണ്ടുപോയ
മനോമണ്ണുകള്‍ക്ക് 
അങ്ങ് ചാറ്റല്‍ മഴയായി..

ഒടുവില്‍,
സ്വര്‍ഗത്തിന്‍റെ സുമോഹനതയിലേക്ക്
അങ്ങ് മുമ്പേ നടന്നു..
ഒരു കണ്ണീര്‍കടല്‍ ബാക്കിയാക്കി..
പിന്നെ,
ഒരു ജനതയുടെ പ്രതീക്ഷകളും
മിടിപ്പു നിലച്ച
ആയിരമായിരം ഹൃദയങ്ങളുടെ
ഉരുള്‍പൊട്ടലുകളും തനിച്ചാക്കി..

മഹാത്മാവേ..
ഇന്നുമെന്നും ഒരു കൊടുങ്കാറ്റിലും 
അണയാതെ ഞങ്ങള്‍ കാത്തിടുന്നു..
ഹൃദയത്തിന്‍റെ ഓരത്ത് അങ്ങ് കത്തിച്ചുവെച്ച
സ്നേഹ സാന്ത്വനത്തിന്‍റെ
മെഴുകുതിരി നാളങ്ങള്‍..

ദീപ്തമാര്‍ദ്രമാം 
താവക സ്മൃതികള്‍ സമക്ഷം
നമ്രശിരസ്കരായി കൈ കൂപ്പി നിന്നിടുന്നു..
കണ്ണുനീര്‍ നൂലില്‍ കോര്‍ത്തെടുത്ത
തീരാകദനത്തിന്‍റെ 
ഒരായിരം പുഷ്പചക്രങ്ങളര്‍പ്പിച്ചിടുന്നു..

നമ:ശ്ശതം....പരശ്ശതം..

May 26, 2011

കണ്ണുകള്‍

























ഓരോ ചിമ്മിത്തുറക്കലിനും
ഒരു കെട്ടു പ്രതീക്ഷകളുടെ
ഭാരമുണ്ട്..

നോട്ടങ്ങളുടെ
കുതിച്ചോട്ടത്തിനിടയില്‍
കുഴഞ്ഞുവീണു മരിക്കുന്നത്
കിതപ്പ് മാറാത്ത ചിന്തകള്‍..

കൃഷ്ണമണിയുടെ
നെടുവീര്‍പ്പുകള്‍ വരച്ചുതരുന്നത്
നെറ്റിത്തടത്തിലെ
ചുളിഞ്ഞ ഗൌരവങ്ങളെ..!!

ഉണങ്ങിയ പീളക്കുഴിയില്‍
മാറാല കെട്ടിക്കിടക്കുന്നത്‌
നരച്ച കിനാക്കളുടെ
നിലക്കാത്ത ഞരങ്ങലുകള്‍..

നനുത്ത കവിള്‍ത്തടങ്ങളില്‍
ഉപ്പുകലങ്ങിയ സ്വപ്‌നങ്ങള്‍
തോരാതെ പെയ്യാറുണ്ട് ചിലപ്പോള്‍..

എന്തൊക്കെയായാലും
ബസ്റ്റാന്റിലെ കടയോരങ്ങളില്‍
അയാള്‍ കൈ നീട്ടി യാചിക്കുന്നത്
ആ കണ്ണുകള്‍ക്ക്‌ വേണ്ടിയാണ്..!?

May 15, 2011

തിരമാല



കാലു പിടിച്ചു കരഞ്ഞാലും
വിശ്വസിക്കില്ല ഞാന്‍ ,
നിന്നെ..!

ഉറപ്പു തരാമോ,
ഇനിയൊരിക്കലും 
നിന്‍റെ സ്നേഹത്തിന് 
ഉപ്പ് ചുവക്കില്ലെന്ന്..?!!

Apr 16, 2011

ഉപ്പിലിട്ടത്
























അലിഞ്ഞു ചേരുമെന്ന്
കരുതി,
പെട്ടെന്നാവില്ലെങ്കിലും
ജീവിതത്തിലെന്നെങ്കിലുമൊരിക്കല്‍..!

ഇല്ല, എനിക്കതിനായില്ല..
ഊറിത്തെളിഞ്ഞ
നിന്‍ ഹൃദയഭരണിയില്‍
ഇത്രയും കാലം
ഞാന്‍ കിടന്നുരുണ്ടിട്ടും..!!

നീ പറഞ്ഞതാണ് ശരി,
"ഉപ്പിനൊക്കില്ലല്ലോ
ഉപ്പിലിട്ടത്..!!? "

Apr 13, 2011

ചൂല്‍



















 
വടക്കിനിയിലെ
പത്തായ മൂലയില്‍
പുലരി വെളുക്കും മുമ്പേ
ഉറക്കമിളച്ചു കാത്തിരിക്കുന്നുണ്ടാവും,
ഉമ്മയെ..

അടുപ്പുതിണ്ണയിലെ
വെണ്ണീര്‍ തിന്ന്
സവാരി തുടങ്ങണം,
എന്നും..

വടക്കേ മുറ്റത്തെ
വിറകുപുരയും കഴിഞ്ഞ്
കിണറ്റിന്‍ കരയിലെത്തുമ്പോഴെക്ക്
കഴിഞ്ഞ രാത്രിയില്‍
കാറ്റുപെറ്റതെല്ലാം
തുടച്ചെടുക്കണം.

അടുക്കള മച്ചിലിരുന്ന്
കണ്ണുരുട്ടിയ പൂച്ചക്ക് വേണ്ടി
ചുഴറ്റിയെറിഞ്ഞിട്ടുണ്ടൊരിക്കല്‍
ഉപ്പ.

ഓടിയൊളിച്ച
എട്ടുകാലികള്‍ക്ക് വേണ്ടി
വെറുതെ തല്ലുകൊണ്ടിട്ടുണ്ട്
പലവട്ടം.

എന്നിട്ടും,
ചടഞ്ഞിരിക്കുമ്പോള്‍
"ചൂലേ" യെന്ന  തെറിവിളി
സഹിക്കാനാവില്ല,
ഒരിക്കലും..

Apr 11, 2011

ചെരുപ്പ്‌















അളന്നെടുക്കണം
വഴിയുടെ
ഓരോ വളവുകളെയും..

തേഞ്ഞുതേഞ്ഞ്
വയസ്സ് മൂക്കുമ്പോള്‍
വാറുകള്‍ നരക്കും,
വിരലുകള്‍ക്ക് താഴെ
വെള്ള മാഞ്ഞു നീല തെളിയും..

അന്ന്,
പൊട്ടിയ വാറുകളും തൂക്കി
വീണ്ടും വഴിയിലേക്കിറങ്ങണം,
അളന്ന മണ്ണിനെ
പുണര്‍ന്നുറങ്ങാന്‍...
Twitter Delicious Facebook Digg Stumbleupon Favorites More