കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Mar 2, 2012

പുക















എല്ലും മുള്ളുമില്ലാത്ത നീ
വട്ടംചുറ്റിപ്പറന്നെന്നെ കളിപ്പിച്ചപ്പോള്‍
കൈയ്യോടെ പിടിക്കാന്‍ 
പിന്നാലെ ഓടിനടന്നിട്ടുണ്ട്
കുട്ടിക്കാലത്ത്‌, പലവട്ടം.

മൂന്നാം ക്ലാസ്സിലായിരുന്നു ഞാനന്ന്,
അഞ്ചിലെ കണ്ണന്‍ സുബൈറും പാണ്ടിപ്രസാദും
നിന്നെ വായിലിട്ട് ചവച്ച് 
മൂക്കിലൂടെ വലിച്ചെടുക്കുന്നത് കണ്ട്,
പാടവരമ്പത്ത് നിന്ന്  
കന്നുപൂട്ടുകാരന്‍ മമ്മദ്‌കാന്റെ തീപ്പെട്ടി അടിച്ചുമാറ്റിയതും,
കണക്ക് പുസ്തകത്തിന്‍റെ 
നടുപ്പേജ് ചീന്തി ചുരുട്ടിയതും,
സ്കൂളിന്‍റെ പിന്നാമ്പുറത്തിരുന്ന് 
നിന്നെ ഊതിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ 
താഴെ ചുണ്ട് പൊള്ളിയതും
ഉമ്മയുടെ പുളിവടി മുറിഞ്ഞതും..!

പിന്നെ, മിനിഞ്ഞാന്നാണ്,
അയലത്തെ നബീസാത്ത
കുക്കറില്‍ പൊരിഞ്ഞ അരിയുടെ
വേവ് നോക്കിയ ഗമയില്‍
ഉമ്മച്ചിയെ നീട്ടിവിളിച്ച് 
'ചോറ് ബെന്തോടീ'ന്നൊരു 
ചോദ്യമെറിഞ്ഞു തന്നപ്പോള്‍,
'ഇപ്പണ്ടാറം പൊക'യെന്നു പിരാകിപ്പറഞ്ഞ്
കരിപുരണ്ട കൈ കൊണ്ട് 
അഴിഞ്ഞ മുടിക്കെട്ട് കുത്തിയൊതുക്കിയതും
അടുപ്പിനുള്ളിലെ നനഞ്ഞ ചെകിരി
പുറത്തേക്കെടുത്തെറിഞ്ഞതും
നിറഞ്ഞകണ്ണുകള്‍ മുറുക്കിച്ചിമ്മി
ഓട്ട വീണ ഓടക്കുഴല്‍ ചുണ്ടോട് ചേര്‍ത്ത്
എന്നെ കേള്‍പ്പിക്കാതെ
അടുപ്പിനെ ചീത്ത വിളിച്ചതും
നീ ഇറങ്ങിയോടിയതും..!!
Twitter Delicious Facebook Digg Stumbleupon Favorites More