കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Aug 24, 2012

നീലക്കുറുഞ്ഞി പൊഴിയുമ്പോള്‍...



















കടലെന്തിനാണാവോ
നിര്‍ത്താതെ കരഞ്ഞ്കൊണ്ടിരിക്കുന്നത്..?
എന്നെപ്പോലെ അവളെയും 
വേണ്ടപ്പെട്ടവരാരോ പിരിഞ്ഞിട്ടുണ്ടാവണം..!

തോളുരുമ്മി നടക്കുന്ന
മുകില്‍ വേണികള്‍ ചിരിക്കുന്നുണ്ടോ..?
ചിരിക്കരുത്, നാളെ നിങ്ങള്‍ക്കും 
പിരിയേണ്ടി വന്നേക്കാം..!!

സ്വപനങ്ങളൊഴുകുന്ന
ഈ കണ്ണുകള്‍ തുടക്കാന്‍ 
നിന്നെ പറഞ്ഞുവിട്ടത്‌ ആരാണ് കാറ്റേ...?
നിശാഗന്ദി വിരിയുമ്പോള്‍ 
എന്നെ ഉണര്‍ത്താന്‍ മറക്കരുതേ..

രാവുറങ്ങിയിട്ടും 
ഉറങ്ങാത്ത നീല നിലാവേ,
നിനക്ക് നന്ദി..
കരയുന്ന ഈ കണ്ണുകള്‍ കാണാന്‍
നീയെങ്കിലും കണ്ണുതുറന്നല്ലോ..!

സാരമില്ല,
ശിശിരം ഇനിയും വരാതിരിക്കില്ല..
ഇലകളിനിയും പൊഴിയാതിരിക്കില്ല..
നീലക്കുറുഞ്ഞി ഇനിയും പൂക്കാതിരിക്കില്ല..!

Jun 24, 2012

കൊട്ടേഷന്‍

















ഉറുമ്പ്
കൊട്ടേഷന്‍ കൊടുത്തു പല്ലിക്ക്,
പാറ്റയെ തട്ടാന്‍ .
പച്ചില
മഞ്ഞയിലയെ അരിഞ്ഞു വീഴ്ത്താന്‍,
കാറ്റിനും.

ഉത്തരത്തിലിരുന്ന്
ചിലന്തിയമ്മ തേങ്ങി.
മാന്കൊമ്പിലിരുന്ന്
അണ്ണാറക്കുഞ്ഞ്
വാലിട്ടടിച്ചു കരഞ്ഞു.
വേലിപ്പടര്‍പ്പിലിരുന്ന് പൂത്താങ്കീരി
ഘോരഘോരം പ്രസംഗിച്ചു.
എന്നിട്ടും,
അന്നര്‍ദ്ധരാത്രിക്ക് കാറ്റ്-
മാവിലയുടെ കഴുത്തറുത്തു.
വെളിച്ചം കണ്ണുമിഴിച്ചു നില്‍ക്കെ
പല്ലികള്‍ പാറ്റയെ 
വളഞ്ഞിട്ടു വെട്ടി..

പിറ്റേന്ന്,
ചുവര്‍ ചേരികളിലും
മാന്ചോടുകളിലും
അനുശോചനത്തിരക്ക്.
പ്രതിഷേധ ജാഥ.
ഹര്‍ത്താലാഘോഷം..
അപ്പോഴും,
കൂര്‍ത്ത ദംഷ്ട്രകള്‍ 
അകത്തേക്ക് ഒതുക്കിവെച്ച്
ചിരിച്ചു കളിച്ചു ഓടിനടന്നു
ഉറുമ്പുപ്രമാണിമാര്‍ .
ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍
അടുത്ത ഇരയെ തേടി
കാറ്റും.

ഒടുവില്‍,
മക്കളുടെ സ്നേഹം കണ്ടു
സഹികെട്ടപ്പോള്‍
ഭൂമി മാതാവ് 
കൊട്ടേഷന്‍ കൊടുത്തു , 
ദൈവത്തിന്..!
ഒരു സുനാമി.
അല്ലെങ്കില്‍ ,
ഒരു റിക്ടര്‍ സ്കൈലിനും അളക്കാനാവാത്ത
ഒരു കുലുക്കല്‍ .
ഒരൊറ്റ കുലുക്കല്‍ ...!!

May 13, 2012

ഉമ്മ



















അളന്നാല്‍ തീരാത്ത
കടലാണ്,
പെയ്താല്‍ വറ്റാത്ത
മാനമാണ്,
കേറിയാലൊതുങ്ങാത്ത
കൊടുമുടിയാണ്,
വീട്ടിയാല്‍ വീടാത്ത
കടമാണ്
ഉമ്മ.

Apr 29, 2012

ചെരുപ്പ്‌

















നീണ്ട പാതകളെ
അളന്ന് മുറിക്കുന്നതിനിടയില്‍
ഓട്ട വീണതറിഞ്ഞില്ല,
ചെരുപ്പ്‌.

നെരച്ച വാറുകള്‍
അറ്റു തുടങ്ങിയിട്ടുണ്ട്.
വഴിയിലെ കയറ്റിറക്കങ്ങള്‍
പിറകോട്ടു വലിക്കുന്നത്
പൊട്ടാറായ വാറുകളിലെ
ഞരങ്ങലുകളെ.

എത്ര ഇടവഴികളാണ്
നടന്നു തീര്‍ത്തത്..?
ആയുസ്സറ്റ് വീഴും മുമ്പ്
ഇനിയുമെത്ര വഴിയമ്പലങ്ങള്‍
കയറിയിറങ്ങാനുണ്ട്..?

ആര്‍ക്കൊക്കെയോ വേണ്ടി
തേഞ്ഞു തീരാനൊരു ജന്മം!
ഒടുവില്‍ , ആര്‍ക്കും വേണ്ടാതെ
മരിച്ചു പോവാനും..!

നടന്നു തന്നെ തീര്‍ത്തേക്കാം.
അല്ലെങ്കില്‍ അയലത്തെ പിള്ളേര്‍
നെഞ്ച് കുത്തിക്കീറും.!
പിന്നെയുള്ള ജീവിതം
 ഉരുണ്ട് തീര്‍ക്കേണ്ടി വരും..!!

Mar 2, 2012

പുക















എല്ലും മുള്ളുമില്ലാത്ത നീ
വട്ടംചുറ്റിപ്പറന്നെന്നെ കളിപ്പിച്ചപ്പോള്‍
കൈയ്യോടെ പിടിക്കാന്‍ 
പിന്നാലെ ഓടിനടന്നിട്ടുണ്ട്
കുട്ടിക്കാലത്ത്‌, പലവട്ടം.

മൂന്നാം ക്ലാസ്സിലായിരുന്നു ഞാനന്ന്,
അഞ്ചിലെ കണ്ണന്‍ സുബൈറും പാണ്ടിപ്രസാദും
നിന്നെ വായിലിട്ട് ചവച്ച് 
മൂക്കിലൂടെ വലിച്ചെടുക്കുന്നത് കണ്ട്,
പാടവരമ്പത്ത് നിന്ന്  
കന്നുപൂട്ടുകാരന്‍ മമ്മദ്‌കാന്റെ തീപ്പെട്ടി അടിച്ചുമാറ്റിയതും,
കണക്ക് പുസ്തകത്തിന്‍റെ 
നടുപ്പേജ് ചീന്തി ചുരുട്ടിയതും,
സ്കൂളിന്‍റെ പിന്നാമ്പുറത്തിരുന്ന് 
നിന്നെ ഊതിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ 
താഴെ ചുണ്ട് പൊള്ളിയതും
ഉമ്മയുടെ പുളിവടി മുറിഞ്ഞതും..!

പിന്നെ, മിനിഞ്ഞാന്നാണ്,
അയലത്തെ നബീസാത്ത
കുക്കറില്‍ പൊരിഞ്ഞ അരിയുടെ
വേവ് നോക്കിയ ഗമയില്‍
ഉമ്മച്ചിയെ നീട്ടിവിളിച്ച് 
'ചോറ് ബെന്തോടീ'ന്നൊരു 
ചോദ്യമെറിഞ്ഞു തന്നപ്പോള്‍,
'ഇപ്പണ്ടാറം പൊക'യെന്നു പിരാകിപ്പറഞ്ഞ്
കരിപുരണ്ട കൈ കൊണ്ട് 
അഴിഞ്ഞ മുടിക്കെട്ട് കുത്തിയൊതുക്കിയതും
അടുപ്പിനുള്ളിലെ നനഞ്ഞ ചെകിരി
പുറത്തേക്കെടുത്തെറിഞ്ഞതും
നിറഞ്ഞകണ്ണുകള്‍ മുറുക്കിച്ചിമ്മി
ഓട്ട വീണ ഓടക്കുഴല്‍ ചുണ്ടോട് ചേര്‍ത്ത്
എന്നെ കേള്‍പ്പിക്കാതെ
അടുപ്പിനെ ചീത്ത വിളിച്ചതും
നീ ഇറങ്ങിയോടിയതും..!!

Dec 25, 2011

ഡിസംബര്‍














വെളുത്ത ചുമരിലെ
തുരുമ്പ് തിന്ന ആണിത്തലപ്പില്‍
വേര്‍പ്പടിന്‍റെ അക്കങ്ങള്‍
തൂങ്ങിയാടുന്നുണ്ട്.

തണുത്തുറഞ്ഞ മകരപ്പുലരിയിലും
മഞ്ഞുകണങ്ങളായി പെയ്യുന്നത്
കിതച്ചോടുന്ന നിമിഷങ്ങളുടെ
വിയര്‍പ്പുതുള്ളികള്‍.

കണ്ണ് ചുവന്ന അവധി ദിനങ്ങള്‍ക്ക്
അസ്തമയ സൂര്യന്‍റെ
നിസ്സംഗത.

കലണ്ടറിലെ നരച്ച താളുകള്‍ക്ക്
വയോധികതയുടെ ഞെരങ്ങലുണ്ട്,
കാറ്റ് വീശുമ്പോള്‍.

പെയ്തുതോര്‍ന്നര്‍ന്ന സ്വപ്നങ്ങളില്‍
മുളക്കാത്ത മോഹങ്ങളെ
പഴിച്ച്, വിലപിച്ച്
ഒരു ഡിസംബര്‍ കൂടി നടന്നകലുകയാണ്..
Twitter Delicious Facebook Digg Stumbleupon Favorites More