സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ
മനസ്സിന്‍റെ മാനത്ത്
പൊരിവെയില്‍ കത്തിപ്പടരുന്നു..
ഓര്‍മകളുടെ കിതപ്പില്‍
കണ്ണുകള്‍ വിയര്‍ത്തൊലിക്കുന്നു..
അക്ഷരങ്ങളുടെ വിങ്ങലില്‍
വാക്കുകള്‍ അലിഞ്ഞ് തീരുന്നു..
സ്‌മൃതിയുടെ ഓലക്കീറുകള്‍ക്കിടയിലൂടെ
വീണ്ടും ഉദിച്ചു പൊങ്ങുന്നു ,
അസ്തമിച്ചിട്ടും അണയാത്ത
എന്‍റെ പാതിരാസൂര്യന്‍...
കാലം കണ്ണ് തുടക്കുന്നു.
കാറ്റ് വീശാന്‍ മറക്കുന്നു.
കാര്‍മേഘങ്ങള്‍ തോരാന്‍ മടിക്കുന്നു.
ഓര്‍മകളുടെ ഓരങ്ങളില്‍
സങ്കടത്തിരമാല ആര്‍ത്തലച്ച് കരയുന്നു.
ചിരിക്കാതെ ചിരിക്കുന്ന പാല്‍ചന്ദ്രനെപ്പോല്‍
കണ്ണുകള്‍ നോക്കി പുഞ്ചിരിക്കുന്നു,
എന്‍റെ പാതിരാസൂര്യന്‍..
ഇരുള്‍ മുറ്റിയ പകലിലും
കൂരിരുള്‍ തിങ്ങിയ രാവിലും
കാറ്റ് നിലക്കാത്ത മരുഭൂവിലും
പെയ്തു തോരാത്ത മലയോരങ്ങളിലും
കെട്ടുപോകാത്ത മണ്‍ചെരാതുമായി
അണയാത്ത ഭദ്ര ദീപവുമായി
ഈ അന്ധനെ, ബാധിരനെ
വഴി തെളിച്ച് നടത്തുന്നു,
എന്‍റെ പാതിരാസൂര്യന്‍..
കരകവിഞ്ഞ കണ്ണുകളെ
തടം കെട്ടിയൊതുക്കിയതും
കടലിരമ്പുന്ന ഹൃദയങ്ങളെ
കാറ്റ് വീശിത്തണുപ്പിച്ചതും
ഇടിമുഴങ്ങുന്ന ചിന്തകളെ
ഈറന്‍ മഴയായി പെയ്യിച്ചതും
സങ്കടക്കടവുകളില്‍
കടത്തു തോണിയിറക്കിയതും
യുഗാന്തരങ്ങള്‍ക്ക് താരാട്ട് പാടിയ
കാലചക്രങ്ങളെ കൈപിടിച്ച് നടത്തിയ
എന്‍റെ പാതിരാസൂര്യന്‍..