കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

Jun 24, 2012

കൊട്ടേഷന്‍

















ഉറുമ്പ്
കൊട്ടേഷന്‍ കൊടുത്തു പല്ലിക്ക്,
പാറ്റയെ തട്ടാന്‍ .
പച്ചില
മഞ്ഞയിലയെ അരിഞ്ഞു വീഴ്ത്താന്‍,
കാറ്റിനും.

ഉത്തരത്തിലിരുന്ന്
ചിലന്തിയമ്മ തേങ്ങി.
മാന്കൊമ്പിലിരുന്ന്
അണ്ണാറക്കുഞ്ഞ്
വാലിട്ടടിച്ചു കരഞ്ഞു.
വേലിപ്പടര്‍പ്പിലിരുന്ന് പൂത്താങ്കീരി
ഘോരഘോരം പ്രസംഗിച്ചു.
എന്നിട്ടും,
അന്നര്‍ദ്ധരാത്രിക്ക് കാറ്റ്-
മാവിലയുടെ കഴുത്തറുത്തു.
വെളിച്ചം കണ്ണുമിഴിച്ചു നില്‍ക്കെ
പല്ലികള്‍ പാറ്റയെ 
വളഞ്ഞിട്ടു വെട്ടി..

പിറ്റേന്ന്,
ചുവര്‍ ചേരികളിലും
മാന്ചോടുകളിലും
അനുശോചനത്തിരക്ക്.
പ്രതിഷേധ ജാഥ.
ഹര്‍ത്താലാഘോഷം..
അപ്പോഴും,
കൂര്‍ത്ത ദംഷ്ട്രകള്‍ 
അകത്തേക്ക് ഒതുക്കിവെച്ച്
ചിരിച്ചു കളിച്ചു ഓടിനടന്നു
ഉറുമ്പുപ്രമാണിമാര്‍ .
ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍
അടുത്ത ഇരയെ തേടി
കാറ്റും.

ഒടുവില്‍,
മക്കളുടെ സ്നേഹം കണ്ടു
സഹികെട്ടപ്പോള്‍
ഭൂമി മാതാവ് 
കൊട്ടേഷന്‍ കൊടുത്തു , 
ദൈവത്തിന്..!
ഒരു സുനാമി.
അല്ലെങ്കില്‍ ,
ഒരു റിക്ടര്‍ സ്കൈലിനും അളക്കാനാവാത്ത
ഒരു കുലുക്കല്‍ .
ഒരൊറ്റ കുലുക്കല്‍ ...!!

Twitter Delicious Facebook Digg Stumbleupon Favorites More